കോഴിക്കോട്: നിപ വൈറസ് വ്യാപകമായ കാലത്ത് മരണംപോലും വകവെക്കാതെ ജോലിചെയ്ത കരാർത്തൊഴിലാളികളെ മെഡിക്കൽ കോളേജ് അധികൃതർ പിരിച്ചുവിട്ടു. 30 ശുചീകരണത്തൊഴിലാളികൾ, ആറ് നഴ്സിങ് അസിസ്റ്റന്റുമാർ, ഏഴ് നഴ്സിങ് സ്റ്റാഫ് എന്നിവർക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോൾ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാർത്തൊഴിലാളികൾ പറഞ്ഞു. സ്വന്തം ജീവൻതന്നെ സമർപ്പിച്ചാണ് തങ്ങൾ ജോലിയിൽ പ്രവേശിച്ചതെന്ന് നിപാ വേളയിൽ രോഗികളുടെ അവശിഷ്ടങ്ങൾവരെ സംസ്കരിക്കാനുള്ള ജോലികൾ ഏറ്റെടുത്ത ഇ.പി. രജീഷും കെ.യു. ശശിധരനും പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതരുടെ അനവസരത്തിലുള്ള തീരുമാനം പ്രഹരമാണിവർക്ക്. നിപ വാർഡിൽ പുറത്തേക്കുവരാൻ ആശുപത്രിയിലെ ഹെഡ് നഴ്സുമാർ അടക്കമുള്ളവർ സമ്മതിച്ചിരുന്നില്ല. വാർഡിന്റെ ഗ്രില്ലിന് പുറത്തേക്ക് വരേണ്ട... എന്നായിരുന്നു അവരുടെ നിലപാടെന്ന് ശുചീകരണത്തൊഴിലാളികൾ പറയുന്നു. നളന്ദ ഓഡിറ്റോറിയത്തിൽ നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കൊടുത്ത ഉറപ്പാണ് ഇവർക്ക് ആകെയുള്ള പ്രതീക്ഷ. ''ഇപ്പോൾ ജോലി ചെയ്യുന്നില്ലേ.. പോകാൻ പറയുമ്പോഴല്ലേ.. അത് അപ്പോൾ നോക്കാം...'' എന്നാണ് മന്ത്രി അന്ന് പറഞ്ഞത്. ആദരിക്കൽചടങ്ങിൽ ഏഴുപേർക്ക് മാത്രമാണ് മെമന്റോ നൽകിയത്. ബാക്കിയുള്ളവർക്ക് പിന്നീട് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആർക്കും ഒന്നുംലഭിച്ചിട്ടില്ല. തങ്ങളെ ആദരിച്ചില്ലെങ്കിലും അനാദരിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ആറുമാസം തികയണമെങ്കിൽ ഡിസംബർ ആവണം. ഇത്രയുംവേഗത്തിൽ താത്കാലിക ജീവനക്കാരെപ്പോലും പിരിച്ചുവിടാറില്ലെന്ന് നഴ്സിങ് അസിസ്റ്റന്റുമാരായ സോമസുന്ദരനും സോജയും പറയുന്നു. ആർ.എസ്.ബി.വൈ.യിലോ മറ്റ് ഒഴിവുകളിലേക്കോ നിയമിക്കുന്നതിനെ ചില ഹെഡ് നഴ്സുമാർ അനുകൂലിച്ചിരുന്നു. ഒക്ടോബറിൽ 110 പേരെയാണ് നിയമിച്ചത്. 16 മുതൽ നിരാഹാരസമരം തൊഴിലെടുത്ത് മുന്നോട്ടുപോകാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴിൽമന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഡി.എം.ഒ., പ്രദീപ്കുമാർ എം.എൽ.എ. തുടങ്ങിയവർക്ക് 42 പേരും ഒപ്പിട്ട നിവേദനം തിങ്കളാഴ്ച അയച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം 16 മുതൽ ആശുപത്രിപടിക്കൽ നിരാഹാരമിരിക്കാൻ തങ്ങൾ നിർബന്ധിതരാവുമെന്ന് നിവേദനത്തിൽ പറയുന്നു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുപോയി നേരിട്ടുകാണാനും തീരുമാനിച്ചിട്ടുണ്ട്. 89 ദിവസം അധികം നൽകി നിപ സമയത്ത് സേവനംചെയ്ത എല്ലാവർക്കും 89 ദിവസംകൂടി കരാർവ്യവസ്ഥയിൽ അധികം ജോലി ചെയ്യാൻ അനുവാദം കൊടുക്കുകയായിരുന്നു. നിപയ്ക്കുശേഷം വെള്ളപ്പൊക്കവുംകൂടി വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഒന്നിച്ചാണ് തീരുമാനമെടുത്തത്. സർക്കാർഫണ്ട് അതിനുമാത്രമേ അനുമതി നൽകുന്നുള്ളൂ. ആർ.എസ്.ബി.വൈ. ഫണ്ടുപയോഗിച്ചാണ് കാലാവധി നീട്ടിയത്. ഇതിന് ഓഡിറ്റിങ്ങിൽ വിശദീകരണം നൽകേണ്ടതുണ്ട്. പരിമിതികൾക്കുള്ളിൽനിന്നാണ് ഇതൊക്കെ ചെയ്തത്. ഡോ. കെ.ജി. സജീത്ത്കുമാർ, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി
from mathrubhumi.latestnews.rssfeed https://ift.tt/2z7Inqm
via
IFTTT
No comments:
Post a Comment